മാനന്തവാടി: ഇടതുപക്ഷത്തെ വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ അവരുമായുണ്ടെങ്കിലും എനിക്കൊരിക്കലും അവരെ വെറുക്കാനാവില്ല. അവരെല്ലാം എന്റെ സഹോദരി സഹോദരന്‍മാരാണ്. ഇടതുമുന്നണിയുമായി രാഷ്ട്രീയപരമായ ചര്‍ച്ചകള്‍ തുടരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാനന്തവാടിയില്‍ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുല്‍.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ആശയപോരാട്ടങ്ങള്‍ക്ക് അപ്പുറം വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു തെരഞ്ഞെടുപ്പായി ഇതിനെ കാണണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരവസരം ലഭിച്ചിട്ടും ഇടതു സര്‍ക്കാര്‍ ആ അവസരം വിനിയോഗിച്ചില്ല. യുഡിഎഫ് വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യഥാര്‍ത്ഥ്യമാകുമെന്നും രാഹുല്‍ പറഞ്ഞു.