രാഹുൽ ഗാന്ധി നിശാപാർട്ടിയിൽ’; വീഡിയോ ആയുധമാക്കി ബിജെപി, വിവാദം

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നിശാക്ലബിലെ പാർട്ടിയിൽ പങ്കെടുത്തിനെ ചൊല്ലി വിവാദം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രൂക്ഷ വിമർശനമുയർത്തി. നേപ്പാളിലെ സുഹൃത്തിൻറെ വിവാഹ പാർട്ടിയിൽ പങ്കെടുത്തതാണെന്നും മോദിയെ പോലെ ക്ഷണിക്കാതെ പോകുന്ന അതിഥിയല്ല രാഹുലെന്നും കോൺഗ്രസ് തിരിച്ചടിച്ചു.

ദില്ലിയിലില്ലാത്ത രാഹുൽ ഗാന്ധി മറുനാടൻ നിശാപാർട്ടികളിൽ മതിമറന്നാഘോഷിക്കുന്നുവെന്ന വിമർശനമുന്നയിച്ചാണ് ബിജെപി രാഹുൽ ഗാന്ധിയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന രാഹുലിൻറെ ദൃശ്യങ്ങൾ ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും പെട്ടെന്ന് വൈറലായി. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ ആടിപ്പാടുകയാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററലെഴുതി. കോൺഗ്രസിൻറെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പണി അസലായിട്ടുണ്ടെന്നും അമിത് മാളവ്യ പരിഹസിച്ചു.

ദൃശ്യങ്ങൾ വിവാദമായതോടെ കോൺഗ്രസ് വിശദീകരണവുമായെത്തി. നേപ്പാളിലെ മാധ്യമപ്രവർത്തകയായ സുഹൃത്തിൻറെ വിവാഹത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തതിൻറെ ദൃശ്യങ്ങളാണെന്ന് വക്താവ് രൺദീപ് സിംഗ് സുർജേ വാല വിശദീകരിച്ചു. ക്ഷണിച്ച വിവാഹചടങ്ങളിൽ പങ്കെടുത്തതിനെ കുറ്റകൃത്യമായി ബിജെപി ചിത്രീകരിക്കുകയാണന്നും സുർജേ വാല പറഞ്ഞു. അതേസമയം കോൺഗ്രസിനെതിരെ ബിജെപി നടത്തുന്ന പ്രചാരണത്തിന് ദൃശ്യങ്ങൾ പുതിയ ആയുധമാകും. പാർട്ടിയിൽ രാഹുലിൻറെ സ്ഥിരതയില്ലായ്മയ ചോദ്യം ചെയ്യുന്നവരും വിവാദം ആയുധമാക്കിയേക്കും.

Top