രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കണം ; കോണ്‍ഗ്രസിനെ വെട്ടിലാക്കി ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ഹാര്‍ദിക് പട്ടേല്‍.

പട്ടേല്‍ സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടു വ്യക്തമാക്കണമെന്ന് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു.

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വിശാലസഖ്യത്തില്‍ ഹാര്‍ദിക് പട്ടേലും പങ്കാളിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുന്നറിയിപ്പുമായി ഹാര്‍ദിക്കിന്റെ രംഗപ്രവേശം.

സംവരണ വിഷയത്തില്‍ വ്യക്തമായ നിലപാട് കോണ്‍ഗ്രസ് അറിയിക്കണമെന്ന്് ഹാര്‍ദിക് ട്വിറ്ററില്‍ കുറിച്ചു.

മാത്രമല്ല, നവംബര്‍ മൂന്നിനു മുന്‍പ് നിലപാടറിയിച്ചില്ലെങ്കില്‍ സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ തന്നെ കോണ്‍ഗ്രസും നേരിടേണ്ടിവരും ഹാര്‍ദിക് വെല്ലുവിളിച്ചു.

കഴിഞ്ഞമാസം സൂറത്തില്‍ അമിത് ഷാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സമയം പിന്നിട്ടതോടെ ചര്‍ച്ച സംഘര്‍ഷത്തിലേക്കു നീങ്ങുകയും സ്ഥലത്തെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

അതിനിടെ, നവംബര്‍ മൂന്നിന് ഗുജറാത്തില്‍ വീണ്ടും സന്ദര്‍ശനത്തിനെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഹാര്‍ദിക് പട്ടേലും വേദി പങ്കിടുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റെ പരസ്യ നിലപാട് കോണ്‍ഗ്രസ് വൃത്തങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഹാര്‍ദിക് പട്ടേല്‍ വിഭാഗത്തിനുള്ള പിന്തുണ കോണ്‍ഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന കാര്യത്തില്‍ നിലപാടു വ്യക്തമാക്കണമെന്നാണ് നിലവിലെ ആവശ്യം.

സര്‍ക്കാര്‍ ജോലി, കോളേജുകളിലെ അഡ്മിഷന്‍ എന്നിവയ്ക്ക് 50 ശതമാനം സംവരണം നല്‍കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

ഹാര്‍ദിക്കിന്റെ പ്രസ്താവനയോടു കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top