ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്ത്. അമേഠിയില്‍ സ്മൃതി ഇറാനിയാണ് എതിരാളിയെന്ന ഭയത്താലാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നാണ് ഗോയല്‍ പരിഹസിച്ചത്.
വയനാട്ടിലും ഫലം മറിച്ചാവില്ലെന്നും അവിടെയും രാഹുല്‍ പരാജയപ്പെടുമെന്നും ഗോയല്‍ പറഞ്ഞു. നില്‍ക്കുന്നിടത്തെല്ലാം തോല്‍ക്കുന്ന രാഹുലിന് അടുത്ത തെരഞ്ഞെടുപ്പില്‍ അയല്‍രാജ്യത്ത് പോയി മത്സരിക്കേണ്ടി വരുമെന്നും ഗോയല്‍ പരിഹസിച്ചു.
നരേന്ദ്ര മോദി കഴിവുകെട്ട പ്രധാനമന്ത്രിയാണെന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിനും ഗോയല്‍ മറുപടി നല്‍കി. പ്രധാനമന്ത്രിയുടെ ധീരനേതൃത്വത്താലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നിരവധി ഭീകരരെ തുരത്താന്‍ സഹായകമായതെന്നാണ് ഗോയലിന്റെ മറുപടി. ബാലാകോട്ട് അടക്കം ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു ഗോയലിന്റെ വാക്കുകള്‍.