ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ധര്‍ണ. ഡല്‍ഹിയിലുള്ള രാഹുലിന്റെ വസതിക്കു പുറത്താണ് രാഹുല്‍ അനുകൂലികള്‍ ധര്‍ണ നടത്തിയത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ധര്‍ണയില്‍ പങ്കെടുത്തത്.
രാഹുല്‍ ഗാന്ധി സിന്ദാബാദ് മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. തങ്ങളുടെ നേതാവ് എങ്ങനെയായിരിക്കണമോ രാഹുല്‍ ഗാന്ധി അങ്ങനെയാണ്. രാഹുല്‍ രാജിവെക്കാനുള്ള തീരുമാനത്തില്‍ പിന്മാറി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.
രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും നിലപാട് ആവര്‍ത്തിച്ചിരുന്നു. പുതിയ അധ്യക്ഷനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് നേതാക്കള്‍ യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വലിയ തിരിച്ചടി നേരിട്ടതിനേത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. നെഹ്റു കുടുംബത്തിന് പുറത്തു നിന്നുള്ളയാളാകണം പുതിയ അമരക്കാരനെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി രാഹുല്‍ നല്‍കിയ കാലാവധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു.
എന്നാല്‍, പുതിയ അധ്യക്ഷനെ കണ്ടെത്താനായില്ലെന്നും രാഹുലിന് പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കിയിരുന്നു.