മോദി വാഗ്ദാനം ചെയ്തത് നല്ല ദിനങ്ങള്‍ എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും ക്യുവില്‍ തന്നെ : രാഹുല്‍ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് നല്ല ദിനങ്ങള്‍, എന്നാല്‍ ജനങ്ങള്‍ ഇപ്പോഴും ക്യൂവില്‍ തുടരുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്ന് മോദി 500, 1000 നോട്ടുകള്‍ തട്ടിയെടുത്തു. ഇവ നീരവ് മോദിയുടെ പോക്കറ്റില്‍ ഇട്ട് കൊടുത്തുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എ ടി എമ്മുകളില്‍ പണം ഇല്ലെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തന്റെ അഭിപ്രായം പറഞ്ഞത്. കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകള്‍ കാലിയായത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും എടിഎമ്മുകളില്‍ പണമില്ല. ഉത്സവ കാലത്ത് ഏറെ പണം പിന്‍വലിച്ചതാണ് എടിഎമ്മുകള്‍ കാലിയാകാന്‍ കാരണമെന്നാണ് നിഗമനം.

നോട്ട് ക്ഷാമം താത്ക്കാലികം മാത്രമാണെന്നും ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ടെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചില മേഖലകളില്‍ പണത്തിനായുള്ള അസാധാരണമായ ആവശ്യമാണ് ക്ഷാമത്തിന് കാരണമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് ക്ഷാമം ചില പ്രദേശങ്ങളില്‍ മാത്രമാണെന്നും നോട്ട് ക്ഷാമത്തില്‍ ആശങ്ക വേണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

Top