ന്യൂഡല്‍ഹി: പാക് അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് പൂര്‍ണ പിന്തുണയുണ്ടെന്നും എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം ആക്രമണങ്ങളെ ഉപയോഗിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സൈനികരുടെ രക്തസാക്ഷിത്വം ചൂഷണം ചെയ്യുകയും സൈനികരുടെ രക്തത്തില്‍ ഒളിച്ചിരിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു.
ബി.ജെ.പിയും മറ്റ് പാര്‍ട്ടികളും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രാഹുലിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം സര്‍ജിക്കല്‍ ആക്രമണം തങ്ങളാണ് നടത്തിയതെന്നാണ് ബി.ജെ.പി നേതാക്കന്മാരുടെ ഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ ഇതാണ് തോന്നുക. ആക്രമണത്തിന്റെ ക്രെഡിറ്റ് സൈന്യത്തില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിക്കരുതെന്നും ദിഗ്‌വിജയ് സിംഗ് പറഞ്ഞു.