മധ്യപ്രദേശ്: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ബിജെപി ആശയങ്ങളെ മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടേതുമായി ഉപമിച്ചായിരുന്നു വിമര്‍ശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഷാജാപൂരില്‍ ‘ജന്‍ ആക്രോശ് റാലി’യില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.
”ഇത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഒരു വശത്ത് കോണ്‍ഗ്രസും മറുവശത്ത് ബിജെപിയും ആര്‍എസ്എസും. ഒരു വശത്ത് ഗാന്ധിജിയും മറുവശത്ത് ഗോഡ്‌സെയും. ഒരു വശത്ത് വെറുപ്പും മറുവശത്ത് സ്‌നേഹവുമാണ്. ഇക്കൂട്ടര്‍ എവിടെ പോയാലും വിദ്വേഷം പരത്തുന്നു. മധ്യപ്രദേശിലെ കര്‍ഷകരും യുവാക്കളും അവരെ വെറുത്തു തുടങ്ങിയിരിക്കുന്നു.” – രാഹുല്‍ പറഞ്ഞു.
”ഇക്കൂട്ടര്‍ പൊതുസമൂഹത്തോട് ചെയ്തതിനുള്ള തിരിച്ചടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഞങ്ങള്‍ ഏഴ് ജന്‍ ആക്രോശ് യാത്രകള്‍ മധ്യപ്രദേശില്‍ നടത്തിയിട്ടുണ്ട്. ഭാരത് ജോഡോ ജാത്രയ്ക്കിടെ മധ്യപ്രദേശില്‍ ഏകദേശം 370 കിലോമീറ്റര്‍ പിന്നിട്ട ഞങ്ങള്‍ കര്‍ഷകരെയും യുവാക്കളെയും അമ്മമാരെയും സഹോദരിമാരെയും കണ്ടു. അവര്‍ എന്നോട് കുറച്ച് കാര്യങ്ങള്‍ പറഞ്ഞു. ഇന്ത്യയിലെ അഴിമതിയുടെ പ്രഭവകേന്ദ്രമാണ് മധ്യപ്രദേശ്. ബിജെപിക്കാര്‍ മധ്യപ്രദേശില്‍ നടത്തിയ അഴിമതി രാജ്യത്തുടനീളം നടന്നിട്ടില്ല”-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
”കുട്ടികളുടെ ഫണ്ട്, ഉച്ചഭക്ഷണ ഫണ്ട്, സ്‌കൂള്‍ യൂണിഫോം ഫണ്ട് എന്നിവ അപഹരിച്ചു. കര്‍ഷകരായ നിങ്ങള്‍ ഇവിടെ സോയാബീന്‍ കൃഷി ചെയ്യുന്നു. പക്ഷേ സര്‍ക്കാര്‍ ന്യായവില നല്‍കുന്നില്ല. ഛത്തീസ്ഗഡിലെ കര്‍ഷകരോട് ചോദിച്ചാല്‍ അറിയാം നെല്ലിന് നമ്മള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന പണം എത്രയെന്ന്. ഞങ്ങള്‍ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി. മധ്യപ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഢ് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകരുടെ വായ്പ എഴുതിത്തള്ളി. ഇവിടെ നിങ്ങളെ ചതിച്ച് ബിജെപിക്കാര്‍ സര്‍ക്കാര്‍ പിടിച്ചു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ 18,000 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. ദിവസവും മൂന്ന് കര്‍ഷകരാണ് ഇവിടെ മരിക്കുന്നത്. കര്‍ഷകരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും അവര്‍ കറുത്ത നിയമങ്ങള്‍ കൊണ്ടുവന്നു”- രാഹുല്‍ പറഞ്ഞു.
”ഇന്ത്യയിലെ എല്ലാ കര്‍ഷകരും ഒന്നിച്ച് അവര്‍ക്കെതിരെ നിലകൊണ്ടു. കര്‍ഷകര്‍ക്ക് വേണ്ടിയാണ് താന്‍ ഈ നിയമം കൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി പറയുന്നു. കര്‍ഷകര്‍ക്ക് ഗുണകരമാകുമ്പോള്‍ എന്തിനാണ് കര്‍ഷകര്‍ തെരുവിലിറങ്ങിയത്? കര്‍ഷകര്‍ക്ക് ഒരു ധാരണയുമില്ലെന്നാണ് നരേന്ദ്രമോദി പറയാന്‍ ആഗ്രഹിച്ചത്. നിങ്ങള്‍ കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ എന്നിവിടങ്ങളില്‍ പോകൂ, അവിടെയുള്ള നമ്മുടെ സര്‍ക്കാരുകള്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിയും. കര്‍ണാടകയില്‍ കര്‍ഷകര്‍, സ്ത്രീകള്‍, ദരിദ്രര്‍ എന്നിവര്‍ക്കായി ഞങ്ങള്‍ അഞ്ച് ഗ്യാരണ്ടികള്‍ നല്‍കി. അതും നമ്മള്‍ പാലിച്ചു”-രാഹുല്‍ കൂട്ടിച്ചേര്‍ത്തു.