കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ഡല്‍ഹി: കര്‍ഷകര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി. സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം എംഎസ്പി നിയമപരമായ ഉറപ്പ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ന് ഒരു ചരിത്ര ദിനമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി 15 കോടി കര്‍ഷക കുടുംബങ്ങളുടെ ജീവിതത്തെ ഇത് മാറ്റിമറിക്കുമെന്നും നീതിയുടെ പാതയില്‍ കോണ്‍ഗ്രസിന്റെ ആദ്യ ഉറപ്പാണിതെന്നും പ്രതികരിച്ചു.

കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഡല്‍ഹി ചലോ മാര്‍ച്ചുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. 50 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തുന്ന ചലോ ഡല്‍ഹി മാര്‍ച്ച് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്നാണ് ഇന്ന് രാവിലെ തുടങ്ങിയത്. ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് തിരിച്ചത്. ഫത്തേഗഡ് സാഹിബില്‍ മാത്രം 1700 ട്രാക്ടറുകളാണ് മാര്‍ച്ചിനായി എത്തിച്ചത്.

ഹരിയാനയിലെ അതിര്‍ത്തി ജില്ലകളിലെല്ലാം ഇന്റര്‍നെറ്റ് റദ്ദാക്കി. സമരത്തില്‍ പങ്കെടുക്കുന്ന ഹരിയാനയിലെ കര്‍ഷകരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്നും ട്രാക്ടര്‍ പിടിച്ചെടുക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. എന്നാല്‍ അതിര്‍ത്തിയില്‍ തടയുന്ന സ്ഥലങ്ങളില്‍ ഇരിക്കാനും അടുത്ത ഘട്ടത്തില്‍ ഡല്‍ഹി കടക്കാനുള്ള നീക്കം ആലോചിക്കാനുമാണ് സംഘടനകളുടെ തീരുമാനം

പഞ്ചാബിലും ഹരിയാനയിലും ജനങ്ങള്‍ ദുരിതം നേരിടുന്നുവെന്നും ഈ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗമായി സര്‍ക്കാര്‍ കാണുന്നില്ലെന്നും പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സമര സമിതി ജനറല്‍ സെക്രട്ടറി സര്‍വണ്‍ സിംഗ് പാന്തര്‍ പറഞ്ഞു. കര്‍ഷകര്‍ക്കെതിരേ കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ കത്തയച്ചു.

വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക മാര്‍ച്ച്. 2020ല്‍ 13 മാസത്തോളം ഡല്‍ഹി അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്താണ് കര്‍ഷകര്‍ സമരം ചെയ്തത്. ആ സമരത്തിന്റെ തുടര്‍ച്ചയാണിതെന്നും ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നതു വരെ സമരം തുടരുമെന്നും കര്‍ഷകര്‍ പറയുന്നു.

Top