നോട്ട് നിരോധനത്തിന് ശേഷം സമ്പന്നമായ പാര്‍ട്ടിയുടെ പ്രസിഡന്റ് ;അമിത് ഷായെ ട്രോളി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി : ബിജെപി അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.

‘താങ്കള്‍ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് പഴയ നോട്ടുകള്‍ മാറ്റിക്കൊടുത്തതില്‍ ഒന്നാം സ്ഥാനം നേടിയതിന് അഭിനന്ദനങ്ങള്‍. അഞ്ചു ദിവസം കൊണ്ട് 750 കോടി. കോടിക്കണക്കിന് ഇന്ത്യക്കാര്‍ നോട്ടുനിരോധനത്തില്‍ കഷ്ടമനുഭവിച്ചപ്പോള്‍ താങ്കളുടെ നേട്ടത്തിനു അഭിവാദ്യങ്ങള്‍’ ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.

നോട്ടു നിരോധനത്തിനു ശേഷം 500, 1000 നോട്ടുകളുടെ നിക്ഷേപം ഏറ്റവും കൂടുതല്‍ വന്നത് അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഞ്ച് ദിവസം കൊണ്ട് 750 കോടി രൂപയാണ് അമിത് ഷായുടെ ബാങ്കിലേക്ക് എത്തിയത്. ഇതിനെതിരെയാണ് രാഹുല്‍ രംഗത്ത് വന്നത്.

നിരോധിച്ച നോട്ടുകള്‍ ഏറ്റവുമധികം സ്വീകരിച്ച ബാങ്കിന്റെ ഡയറക്ടര്‍, നോട്ടുനിരോധനത്തിനു ശേഷം 81% കൂടുതല്‍ സമ്പന്നമായ പാര്‍ട്ടിയുടെ പ്രസിഡന്റ് എന്നിങ്ങനെ വിശേഷിപ്പിച്ച് അമിത് ഷായുടെ ചിത്രവും രാഹുല്‍ പങ്കുവച്ചിട്ടുണ്ട്.

വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്ന വിവരം പുറത്തു വന്നിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745.59 കോടി രൂപയാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്.

Top