ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളിലെ കള്ളപ്പണം ഇന്ത്യയിലെത്തിച്ച് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നു പറഞ്ഞ പ്രധാനമന്ത്രി സ്വിസ് ബാങ്കില്‍ കള്ളപ്പണമില്ലെന്നാണ് ഇപ്പോള്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
നോട്ട് നിരോധനം കള്ളപ്പണമെന്ന മഹാവ്യാധിയെ ഇല്ലായ്മ ചെയ്യുമെന്നാണ് 2016 ല്‍ അദ്ദേഹം പറഞ്ഞത്. സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50 ശതമാനം വര്‍ധിച്ചപ്പോള്‍ സ്വിസ് ബാങ്കില്‍ കള്ളപ്പണമില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹം പറയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
അതേസമയം വര്‍ധിച്ച നിക്ഷേപമെല്ലാം കള്ളപ്പണമാണെന്ന് എങ്ങനെ പറയാനാകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. സ്വിസ് ബാങ്കിലെ നിക്ഷേപം സംബന്ധിച്ച കണക്കുകള്‍ അടുത്ത വര്‍ഷത്തോടെ ലഭിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപ സന്പാദ്യം 2017ല്‍ 50 ശതമാനം ഉയര്‍ന്ന് 1.01 ബില്യണ്‍ സ്വിസ് ഫ്രാന്‍സ് (7,000 കോടി രൂപ) ആയി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ട് സ്വിസ് നാഷണല്‍ ബാങ്ക് വ്യാഴാഴ്ച പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശ നിക്ഷേപകര്‍ രാജ്യത്തെ ബാങ്കുകളില്‍ നടത്തിയ നിക്ഷേപം മൂന്നു ശതമാനം വര്‍ധിച്ച് 1.46 ട്രില്ല്യന്‍ സ്വിസ് ഫ്രാന്‍സിലേക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.