ന്യൂഡല്‍ഹി: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് കോൺഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും. വയനാടും, കർണാടകയിൽ നിന്നുള്ള മണ്ഡലവുമാണ് പരിഗണനയിൽ ഉള്ളതെന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. കർണാടകത്തിൽ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകൾ പരിഗണനയിൽ ഉണ്ടെങ്കിലും വയനാട് പോലെ കോൺഗ്രസിന് സുരക്ഷിതമായ മണ്ഡലങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ.
കോൺഗ്രസ് അധ്യക്ഷൻ, അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നാണ് കോൺഗ്രസ് നൽകുന്ന വിവരം. രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ ഉള്ളതിനാലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുന്നതിനാലും ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കാം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഇതിനോട് വിമുഖത പ്രകടിപ്പിച്ച രാഹുല്‍ പിന്നീട് രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.