ന്യൂഡെല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ഇന്ന് ചുമതലയേല്‍ക്കും. 19 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തലമുറ മാറ്റം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്.
നിരവധി ചരിത്രമൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ ഡല്‍ഹി അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണ ചടങ്ങ്. ചടങ്ങില്‍ ആമുഖ പ്രഭാഷണത്തിന് ശേഷം രാഹുലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുളള അധികാര രേഖ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ കൈമാറും. അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന സോണിയ ഗാന്ധി ചടങ്ങില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും.
സോണിയാ ഗാന്ധിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന് ശേഷം രാഹുല്‍ ഗാന്ധിയും നേതാക്കളെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകസമിതി അംഗങ്ങള്‍, എഐസിസി ഭാരവാഹികള്‍, പിസിസി അധ്യക്ഷന്മാര്‍, പാര്‍ട്ടി മുഖ്യമന്ത്രിമാര്‍, എംപിമാര്‍ തുടങ്ങിയവര്‍ ചടങ്ങിനെത്തും.
കേരളത്തില്‍ നിന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അടുത്ത വര്‍ഷം അദ്യം നടക്കുന്ന എഐസിസി പ്ലീനത്തോടെ സ്ഥാനമേറ്റെടുക്കല്‍ പൂര്‍ണമാകും.
133 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര പ്രധാനമായ രണ്ട് പതിറ്റാണ്ടിനാണ് സോണിയ ഗാന്ധിയുടെ പടിയിറക്കത്തോടെ വിരാമമാകുന്നത്.