രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം; നിരാഹാര സമരം നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരാഹാര സമരം തുടങ്ങി. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തിന് മുമ്പിലാണ് പ്രവര്‍ത്തകര്‍ നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ വലിയ തിരിച്ചടി നേരിട്ടതിനേത്തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. നെഹ്റു കുടുംബത്തിന് പുറത്തു നിന്നുള്ളയാളാകണം പുതിയ അമരക്കാരനെന്നും രാഹുല്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം ലോക് സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി തുടരുകയാണ്. രാഹുല്‍ ഗാന്ധിയ്ക്ക് പുതിയ നേതൃത്വം ഉണ്ടാക്കാനാണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്നാണ് പല നേതാക്കളും പ്രതികരിച്ചത്. എന്നാല്‍, അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിനെ സമ്മര്‍ദ്ദത്തിലാക്കാനാണ് കൂട്ടരാജിയെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ നിരാഹാരസമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, രാഹുല്‍ ഗാന്ധി ഇന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഡല്‍ഹിയില്‍ രാഹുലിന്റെ വസതിയിലാണ് യോഗം നടക്കുക. അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് യോഗം വിളിച്ചിരിക്കുന്നത്.

പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പുതുച്ചേരി മുഖ്യമന്ത്രിമാരും കര്‍ണാടക ഉപമുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖം കൊടുക്കാതിരുന്ന രാഹുല്‍ ഒരു മാസത്തിന് ശേഷമാണ് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചിരിക്കുന്നത്.

Top