ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ, പ്രാദേശിക പാര്‍ട്ടികളുമായി വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിയില്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.
നരേന്ദ്ര മോദിയേയും ബിജെപിയേയും നേരിടുന്നതിന് പ്രതിപക്ഷ ഐക്യം വേണ്ടതിന്റെ ആവശ്യകത മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുതല്‍ രാഹുല്‍ ഗാന്ധി വരെയുള്ള നേതാക്കള്‍ ഊന്നിപ്പറഞ്ഞു. പ്രതിപക്ഷ ഐക്യമില്ലാത്തതില്‍ തിരിച്ചടി നേരിട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മധ്യപ്രദേശ് ചൂണ്ടിക്കാട്ടപ്പെട്ടു. മധ്യപ്രദേശില്‍ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും അത് മുതലാക്കാന്‍ കഴിയാതെപോയത് കമല്‍നാഥിന്റെ ധാര്‍ഷ്ഠ്യമാണെന്നുവരെ യോഗത്തില്‍ വിമര്‍ശനമുണ്ടായതാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയുടെ തോല്‍വിക്കായി പാര്‍ട്ടി സംസ്ഥാന ഘടകങ്ങള്‍ ചെറുപാര്‍ട്ടികളുമായി വിട്ടുവീഴ്ച ചെയ്യാത്തതെന്തുകൊണ്ടാണെന്ന് രാഹുല്‍ യോഗത്തില്‍ ചോദിച്ചു. ചെറിയ പാര്‍ട്ടികളിലേക്ക് പോകുമായിരുന്ന വോട്ടുകള്‍ ബിജെപിയിലേക്ക് ഏകീകരിച്ചതാണ് മൂന്ന് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
ചെറുപാര്‍ട്ടികളെ ഒപ്പംനിര്‍ത്തുന്നതില്‍ ബിജെപി വിജയം കണ്ടപ്പോള്‍ വിജയമുറപ്പിച്ചിരുന്ന സംസ്ഥാനങ്ങള്‍പോലും കോണ്‍ഗ്രസിന് നഷ്ടമായി. മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കത്തത് തിരിച്ചടിയുടെ കാരണങ്ങളിലൊന്നാണെന്നും വിലയിരുത്തപ്പെട്ടു. ദേശീയ തലത്തിലുള്ള സഖ്യത്തെപോലും ബാധിക്കുന്നതരത്തിലാണ് ഇക്കാര്യത്തില്‍ കമല്‍നാഥ് സ്വീകരിച്ച നിലപാടെന്നും യോഗത്തില്‍ ചില നേതാക്കള്‍ കുറ്റപ്പെടുത്തി.
മൂന്ന് സംസ്ഥാനങ്ങളിലും പാര്‍ട്ടിക്ക് ശരിയായ രീതിയില്‍ പ്രചാരണം നടത്താന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയ രാഹുല്‍ തെലങ്കാനയെ പാഠമാക്കണമെന്നും ചൂണ്ടിക്കാട്ടി. പ്രചാരണ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാത്രമാണ് തെലങ്കാനയില്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ എത്താനായതെന്നും രാഹുല്‍ വ്യക്തമാക്കുകയുണ്ടായി.
ബിജെപിയുടെ സംഘടനാ ശക്തിയെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് തോല്‍വിയുണ്ടായ സംസ്ഥാനങ്ങളിലെ നേതാക്കള്‍ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും 2018-ല്‍ മൂന്നിടത്തും ബിജെപിയെ ഇതേ പാര്‍ട്ടി തന്നെയാണ് പരാജയപ്പെടുത്തിയതെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു.
കുറച്ച് സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടിവരുമെന്നും ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കുക മാത്രമേ മാര്‍ഗമുള്ളൂവെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുലിനെ പിന്തുണച്ച് കൊണ്ട് പറഞ്ഞു. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തെറ്റുതിരുത്തി തന്നെ മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പുതിയ വോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കാന്‍ കഴിയാത്തതതിലും നേതാക്കളോട് രാഹുല്‍ ചോദ്യമുയര്‍ത്തി. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനേയും മധ്യപ്രദേശില്‍ ജിത്തു പട്‌വാരിയേയും തിരഞ്ഞെടുപ്പിന് മുമ്പ് മുന്‍നിരയിലേക്ക് എത്തിക്കാനുള്ള രാഹുലിന്റെ ശ്രമങ്ങളെ മുതിര്‍ന്ന നേതാക്കള്‍ തടയിട്ടതായും ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
അശോക് ഗഹ്‌ലോതിനെ മാറ്റി സച്ചിന്‍ പൈലറ്റിനെ കൊണ്ടുവരാന്‍ രാഹുല്‍ ആഗ്രഹിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള മാറ്റം ബിജെപിക്ക് സഹായകരമാകുമെന്ന് പറഞ്ഞാണ് ചില മുതിര്‍ന്ന നേതാക്കള്‍ നീക്കത്തെ തടഞ്ഞത്.
പ്രതിപക്ഷ ഐക്യത്തിന്റെ വിലയറിഞ്ഞ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യംശക്തിപ്പെടുത്തുന്നതിനുള്ള ഊര്‍ജിതമായ ശ്രമങ്ങളിലാണ്. സംസ്ഥാന തലങ്ങളില്‍ സഖ്യരൂപീകരണത്തിന് ഇതിനോടകം സഖ്യ സമിതിയേയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി.യുമായി നേരിട്ട് ഏറ്റുമുട്ടുന്ന 250-ഓളം സീറ്റുകളിലും ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായുള്ള 160-ഓളം സീറ്റുകളിലും ഉടന്‍ സ്ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തിയാക്കാനാണ് പ്രവര്‍ത്തകസമിതി യോഗത്തിന്റെ തീരുമാനം.
സ്‌ക്രീനിങ് കമ്മിറ്റി ഈ മാസംതന്നെ രൂപവത്കരിക്കും. പ്രകടനപത്രിക രണ്ടുദിവസത്തിനകവും പ്രഖ്യാപിക്കും. ‘ഇന്ത്യ’ സഖ്യവുമായുള്ള സീറ്റുവിഭജന ചര്‍ച്ചയ്ക്കായി രൂപവത്കരിച്ച മുകുള്‍ വാസ്നിക് കണ്‍വീനറായ സമിതി ഉടന്‍ സംസ്ഥാനഘടകങ്ങളുടെ അഭിപ്രായംതേടും. പിന്നാലെ ഇക്കാര്യത്തില്‍ ‘ഇന്ത്യ’ കക്ഷികളുടെ നേതാക്കളുമായി നേരിട്ടുള്ള ചര്‍ച്ചതുടങ്ങുമെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. സഖ്യ ചര്‍ച്ചകളുടെ ഭാഗമായി രാഹുല്‍ ഇന്ന് നിതീഷ് കുമാറുമായി സംസാരിക്കുകയുമുണ്ടായി.