ന്യൂഡല്‍ഹി: നെഹ്റു കുടുംബാംഗങ്ങള്‍ക്ക് നല്‍കി വന്ന എസ്.പി.ജി സുരക്ഷ പിന്‍വലിച്ചതിന് കാരണങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍.
നെഹ്റു കുടുംബത്തിലെ മൂന്ന് നേതാക്കള്‍ എസ്.പി.ജി സുരക്ഷ നിരവധി തവണ ലംഘിച്ചതായാണ് സര്‍ക്കാര്‍ വാദം. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ തടസം നിന്നുവെന്നും എസ്.പി.ജി യുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ ലംഘിച്ചുവെന്നും വാദങ്ങളുണ്ട്.
2015-2019 എന്നീ വര്‍ഷങ്ങളില്‍ ഡല്‍ഹിയില്‍ മാത്രം ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കി രാഹുല്‍ യാത്ര ചെയ്തു. മിക്കപ്പോഴും ഇത്തരം വാഹനം രാഹുല്‍ നിരസിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 250ാളം യാത്രകള്‍ ഇത്തരത്തില്‍ ഡല്‍ഹിക്ക് പുറത്തും നടത്തി. 2017ല്‍ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ബുള്ളറ്റ് പ്രൂഫ് സൗകര്യമില്ലാത്ത വാഹനത്തില്‍ യാത്ര ചെയ്യുകയും അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തിനു നേരെ കല്ലേറ് ഉണ്ടാവുകയും ഒരു എസ്.പി.ജി ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സോണിയഗാന്ധിയും പ്രിയങ്കയും ഒരേ കാലയളവില്‍ 389 തവണ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനം ഉപയോഗിച്ചതായും രേഖകളുണ്ട്. രാഹുലിന്റെ വിദാശയാത്രകള്‍ക്കിടയിലും സുരക്ഷയില്‍ നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ട്. 1991 മുതല്‍ രാഹുല്‍ നടത്തിയ 156 വിദേശ യാത്രകളില്‍ 143ലും എസ്.പി.ജി സുരക്ഷ ഒഴിവാക്കിയായിരുന്നു യാത്ര. 143 സ്ഥലങ്ങളിലും 11 മണിക്കൂറുകളോളം എസ്.പി.ജി ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു സന്ദര്‍ശനങ്ങള്‍.
1985ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സ്വന്തം സുരക്ഷസൈനികര്‍ തന്നെ വെടിവച്ച് കൊന്നതിനു ശേഷമാണ് എസ്.പി.ജി സുരക്ഷ ആരംഭിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ എസ്.പി.ജി സുരക്ഷ ഇക്കഴിഞ്ഞ ആഗസ്റ്റില്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പ്രധാനമന്ത്രിമാരായ എച്ച്.ഡി ഗേവഗൗഡ, വി.പി സിംഗ് എന്നിവരുടെയും സുരക്ഷ പിന്‍വലിച്ചിരുന്നു.
നെഹ്റു കുടുംബാംഗങ്ങള്‍ക്ക് നല്‍കി വന്ന എസ്.പി.ജി സുരക്ഷ കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ മാത്രമാണ് ഇനി തുടരുക. ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമാണ് 3000ത്തോളം വരുന്ന എസ്.പി.ജി ഉദ്യോഗസ്ഥരുടെ സുരക്ഷ ലഭ്യമാകുക.