ശ്രീനഗര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തില്‍ വിചിത്ര നടപടിയുമായി ബിജെപി രംഗത്ത്. രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയ പ്രദേശത്ത് വഴികളില്‍ ഗംഗാജലം കൊണ്ട് ബിജെപി ശുദ്ധികലശം നടത്തി.
ഈ മാസം 9നാണ് രാഹുല്‍ ഗാന്ധി ജമ്മുകശ്മീലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയത്. കത്ര ബേസ്‌ക്യാമ്പില്‍ നിന്നും 13 കിലോമീറ്റര്‍ കാല്‍നടയായിട്ടായിരുന്നു സന്ദര്‍ശനം. രാഹുല്‍ഗാന്ധി കാല്‍നടയായി സഞ്ചരിച്ച വഴിയിലാണ് ജമ്മുകശ്മീര്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗംഗാജലംകൊണ്ട് ശുദ്ധികലശം നടത്തി പ്രതിഷേധിച്ചത്. പരിപാവനമായ ക്ഷേത്രത്തിന്റെ പവിത്രത കോണ്‍ഗ്രസ് നേതാക്കള്‍ തകര്‍ത്തു എന്ന് പറഞ്ഞായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവരുടെ പാര്‍ട്ടി പതാക കയ്യിലേന്തി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പുണ്യക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതെന്നും യുവമോര്‍ച്ച നേതാക്കള്‍ ആരോപിച്ചു.