ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച 20 സൈനികരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ച് രാഹുല്‍ ഗാന്ധി കത്തയച്ചു. സൈനികരുടെ ത്യാഗത്തില്‍ രാജ്യം തല കുനിക്കുന്നു. സൈനികരുടെ ദേശസ്നേഹം രാജ്യം മറിക്കില്ല. തന്റെ പ്രാര്‍ത്ഥനയും ചിന്തയും കുടുംബത്തോടൊപ്പം എന്നും രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷത്തെചൊല്ലി രാഷ്ട്രീയ തര്‍ക്കം മുറുകുകയാണ്. അതിര്‍ത്തിയില്‍ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രംഗത്തെത്തി. സൈനികര്‍ സായുധരായിരുന്നുവെന്നും ചൈനീസ് സേനയുമായുള്ള സംഘര്‍ഷത്തില്‍ വര്‍ഷങ്ങളായുള്ള ധാരണപ്രകാരം തോക്കുകള്‍ ഉപയോഗിച്ചില്ലെന്നും ജയശങ്കര്‍ പറഞ്ഞു.