ആര്യന്റെ അറസ്റ്റ്; ഷാരൂഖിനെ സമാധാനിപ്പിച്ച് രാഹുല്‍ എഴുതിയ കത്ത് പുറത്ത്

മുംബൈ: ആഡംബര കപ്പലിലെ ലഹരി വിരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഷാരൂഖ് ഖാനെഴുതിയ കത്ത് പുറത്ത്. ഒക്ടോബര്‍ 14ന് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.

രാജ്യം ഷാരൂഖിനും കുടുംബത്തിനുമൊപ്പം ഉണ്ടെന്നാണ് രാഹുല്‍ കത്തില്‍ കുറിച്ചിരിക്കുന്നത്. ഒരുകുട്ടിയും ഇത്തരത്തിലുള്ള പരിചരണം അര്‍ഹിക്കുന്നില്ല. ജനങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ അനുഗ്രഹവും, പ്രാര്‍ത്ഥനയും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. എത്രയും പെട്ടെന്ന് കുടുംബം ഒന്നാകട്ടെയെന്നും അദ്ദേഹം ആശംസിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

മുംബൈ തീരത്ത് കോര്‍ഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കവേ ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കൊക്കെയിന്‍, ഹാഷിഷ, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ പിടികൂടിയിരുന്നു.

തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യന്‍ ഖാന് ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. നടി ജൂഹി ചൗള ആര്യന് ആള്‍ ജാമ്യം നിന്നത്. രാജ്യം വിട്ടു പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.

Top