രാജസ്ഥാനില്‍ രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടി

ജയ്പൂര്‍: മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മുന്‍നിര്‍ത്തി പ്രചാരണം കൊഴുപ്പിക്കുമ്പോഴും രാജസ്ഥാനില്‍ രാഹുല്‍ഗാന്ധിയുടെ അസാന്നിധ്യം കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്തതിനാലാണ് രാഹുല്‍ വരാത്തതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. അശോക് ഗെലോട്ടുമായി അകന്നുനില്‍ക്കുന്ന രാഹുല്‍ഗാന്ധി മന:പൂര്‍വ്വം വിട്ടുനില്‍ക്കുകയാണെന്നും വിമര്‍ശനമുണ്ട്. രാഹുല്‍ ഉടന്‍ വരുമെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേശ് വിമര്‍ശനത്തോട് പ്രതികരിച്ചു.

രാഹുലിനെ ധിക്കരിച്ച് മുഖ്യമന്ത്രി പദത്തില്‍ തുടരുന്ന ഗെലോട്ടിനോട് അദ്ദേഹത്തിന് പരിഭവമുണ്ട് – സച്ചിന്‍ പൈലറ്റിനോടുള്ള വാത്സല്യം വേറെയും. ജനങ്ങളുടെ മുഖത്ത് നോക്കാന്‍ സാധിക്കാത്തതിനാലാണ് വരാത്തതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ഈ മാസം 30 ന് തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെത്തിയിട്ടും 25 ന് ബുത്തിലെത്തുന്ന രാജസ്ഥാനിലെത്താത്തത് പരാജയ സൂചന കൊണ്ടാണെന്നും വിമര്‍ശനമുണ്ട്.

രാഹുല്‍ഗാന്ധി രാജസ്ഥാനിലെ പോസ്റ്റുകളില്‍ മാത്രമല്ല നേരിട്ടും പ്രചാരണത്തില്‍ പ്രത്യക്ഷപ്പെടുന്നില്ല, ഒക്ടോബര്‍ 9 ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്ക ഗാന്ധിയും ഒരു വട്ടം രാജസ്ഥാനില്‍ വന്നു പോയി. തിരഞ്ഞെടുപ്പിന് പത്തുദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ ഒരു ദിവസം പോലും രാഹുല്‍ഗാന്ധിയെത്തിയില്ല. മധ്യപ്രദേശിലും തെലങ്കാനയിലും രാഹുല്‍ പ്രചാരണത്തിനെത്തുകയും ചെയ്തു. രാജസ്ഥാനിലും വരുമെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.

 

Top