ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണത്തില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തണമെന്ന പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തുവും ജസ്റ്റിസ് അമിതാവ റോയിയും അടങ്ങിയ ബഞ്ചാണ് പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്.
പൊതുതാല്‍പര്യ ഹര്‍ജിയില്‍ സമര്‍പ്പിച്ച രേഖകളുടെ ആധികാരികത സുപ്രീം കോടതി ചോദ്യം ചെയ്തു. നേരത്തെ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന അഭിഭാഷകന്‍ എം.എല്‍.ശര്‍മ്മയുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഹര്‍ജി തീര്‍ത്തും ബാലിശമാണെന്ന് സുപ്രീം കോടതി വിലയിരുത്തി.
യു.കെ യില്‍ കമ്പനി നിയമപ്രകാരം സമര്‍പ്പിയ്‌ക്കേണ്ട രേഖയില്‍ താനൊരു ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ നിയമപ്രകാരം ഈ ഇരട്ട പൗരത്വം നിയമവിരുദ്ധമാണെന്നുമാണ് ആരോപണം.
ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് രാഹുലിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസെടുക്കണമെന്നും രാഹുലിന്റെ ഇന്ത്യന്‍ പൗരത്വവും ലോക്‌സഭാംഗത്വവും റദ്ദാക്കാന്‍ ആവശ്യമായ നടപടി സ്വീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജനും സുബ്രഹ്മണ്യന്‍ സ്വാമി കത്തയയ്ക്കുകയും ചെയ്തിരുന്നു.