സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രധാനമന്ത്രിയെ വീണ്ടും പരിഹസിച്ച് രാഹുല്‍ ഗാന്ധി

modi-rahul

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം. പരീക്ഷാക്കാലത്ത് കുട്ടികളുടെ സമ്മര്‍ദം കുറയ്ക്കാനായിരുന്നു മോദിയുടെ ആദ്യ പുസ്തകം. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുണ്ടാകുന്ന സമ്മര്‍ദത്തെ എങ്ങനെ നേരിടാമെന്നായിരിക്കും അടുത്ത പുസ്തകമെന്ന് രാഹുല്‍ കുറിച്ചു.

എക്‌സാം വാരിയേഴ്‌സ് രണ്ട് എന്ന പേരിലുള്ള പുതിയ പുസ്തകത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും സമ്മര്‍ദം എങ്ങനെ കുറയ്ക്കാമെന്നും മോദിക്ക് വിശദീകരിക്കാം– രാഹുല്‍ കളിയാക്കി.

കഴിഞ്ഞ ദിവസം സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച, കേംബ്രിജ് അനലിറ്റിക്ക ഉള്‍പ്പെട്ട ഡാറ്റ ചോര്‍ച്ച തുടങ്ങിയ വിവാദങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിരൂക്ഷമായി പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് സര്‍വത്ര ചോര്‍ച്ചയാണെന്നും കാവല്‍ക്കാരന്‍ ദുര്‍ബലനാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്, സ്റ്റാഫ് സിലക്ഷന്‍ കമ്മിഷന്‍ പരീക്ഷാക്രമക്കേട്, കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്നത് തുടങ്ങി കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും പ്രതിക്കൂട്ടിലാക്കിയ വിവാദങ്ങള്‍ രാഹുല്‍ അക്കമിട്ട് നിരത്തി. ചോദ്യപേപ്പര്‍ ചോര്‍ച്ച ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീക്ഷകളാണ് തകര്‍ത്തതെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന്റെ തുടക്കമാണിതെന്നും രാഹുല്‍ മറ്റൊരു ട്വീറ്റില്‍ ആരോപിച്ചു.

Top