ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചു. ഒരാഴ്ച മുന്‍പാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താല്കാലികമായി മരവിപ്പിച്ചത്. ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ പങ്കുവച്ചുവെന്നറിയിച്ചാണ് അക്കൗണ്ട് മരവിപ്പിച്ചത്.
ഇതെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ഉപയോഗിച്ച അതേ ചിത്രം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കി മാറ്റി. ഇതെത്തുടര്‍ന്ന് ഈ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. മറ്റൊരാളുടെ പ്രൊഫൈലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ട്വിറ്റര്‍ നയമനുസരിച്ച് മറ്റൊരാളുടെ പേരും പടവും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഇങ്ങനെ മരവിപ്പിച്ച അക്കൗണ്ടുകളും പുനസ്ഥാപിക്കപ്പെട്ടു.