തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്ത് താരമായ പ്ലസ് ടു വിദ്യാര്‍ത്ഥി സഫ ഫെബിന് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേര്‍സാക്ഷ്യമാണ് ഈ പെണ്‍കുട്ടി. സഫയോട് ഇന്ന് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നുവെന്നും രവീന്ദ്രനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.
മലപ്പുറം കരുവാരക്കുണ്ട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ലാബ് ഉദ്ഘാടനത്തിനിടെയാണ് സംഭവം. പ്രസംഗം തര്‍ജമ ചെയ്യാന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആരെങ്കിലും വരണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടപ്പോള്‍ സഫ ധൈര്യത്തോടെ സ്റ്റേജിലെത്തുകയായിരുന്നു. സ്റ്റേജിലേക്ക് കയറിവന്ന സഫയെ ഹസ്തദാനം നല്‍കിയാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കരുവാരക്കുണ്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സയന്‍സ് ലാബ് ഉദ്ഘാടനം ചെയ്തു സംസാരിച്ച ശ്രീ രാഹുല്‍ ഗാന്ധി എം.പി.യുടെ പ്രസംഗം അതിമനോഹരമായി പരിഭാഷപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഇന്ന് ദൃശ്യമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തിളങ്ങിനില്‍ക്കുന്നു. തന്റെ പ്രസംഗം ആരെങ്കിലും പരിഭാഷപ്പെടുത്തുമോ എന്ന് അന്വേഷിച്ച എം.പി.യുടെ അടുത്തേക്ക് നിസങ്കോചം
ഓടിയെത്തിയ സഫ ഒട്ടും പിഴവുകള്‍ ഇല്ലാതെ അകൃത്രിമ ഭാഷയില്‍ പ്രസംഗം തര്‍ജ്ജിമ ചെയ്തു. സര്‍ക്കാര്‍ വിദ്യാലയത്തിലായിരുന്നു സഫയുടെ ഇതുവരെയുള്ള പഠനം മുഴുവന്‍. പത്താം ക്ലാസിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ മിടുക്കിയാണ് സഫ. പൊതുവിദ്യാഭ്യാസ മേഖലയുടെ മേന്മയ്ക്കും മികവിനും നേര്‍സാക്ഷ്യമാണ് ഈ പെണ്‍കുട്ടി. സഫയോട് ഇന്ന് ഫോണില്‍ സംസാരിക്കാന്‍ കഴിഞ്ഞത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു.