തിരുവനന്തപുരം : വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നാലും സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് രാഹുല്‍ ഗാന്ധിക്ക് പാതയൊരുക്കേണ്ട സാഹചര്യമില്ലെന്നും കാനം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജിച്ച തീരുമാനമാണോയെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇടത് പക്ഷത്തെ നേരിടാനാണോ രാഹുല്‍ കേരളത്തിലേക്ക് വരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ബി.ജെ.പി ജയിച്ചാലും വേണ്ടില്ല ഇടതുപക്ഷത്തെ തകര്‍ത്താലും മതിയെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും ഇത് ദേശീയ രാഷ്ട്രീയത്തില്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടെന്നും അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.