അങ്കത്തിനായി രാഹുൽ ചുരം കയറാനെത്തുമോ ? സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമ തീരുമാനം ഇന്ന്

ന്യൂഡല്‍ഹി: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ പ്രതികരണമാണ് രാഹുലില്‍ നിന്ന് ഉണ്ടായതെന്നാണ് സുചന.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ഡല്‍ഹിയിൽ ചേരും. പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കലാണ് യോഗത്തിലെ പ്രധാന അജണ്ട. രാഹുലിന്‍റെ ദക്ഷിണേന്ത്യയിലെ സ്ഥാനാര്‍ഥിത്വവും യോഗത്തിൽ ചര്‍ച്ചായാകാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് സമിതി യോഗവും ചേരും.

വയനാടിനൊപ്പം അമേഠിയിലും രാഹുല്‍ മത്സരിക്കണമെന്നു സോണിയ നിര്‍ദേശിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കും ഇതേ അഭിപ്രായമായിരുന്നു. രണ്ടു സീറ്റിലും ജയിക്കുന്നപക്ഷം, രാഹുല്‍ വയനാട് നിലനിര്‍ത്തുകയും അമേഠിയില്‍ പ്രിയങ്ക മത്സരിക്കുകയുമെന്ന ഫോര്‍മുലയാണു പരിഗണനയില്‍.

സ്ഥാനാര്‍ഥിയായുള്ള രാഹുല്‍ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ വീഴ്ചകളും ഗ്രൂപ്പുപോരുമെല്ലാം രാഹുലിന്റ വരവോടെ അപ്രസക്തമാകുമെന്ന പ്രതീക്ഷയിലാണ് അണികള്‍.

Top