ന്യൂഡല്‍ഹി: ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ തഴയപ്പെട്ട എ വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്റ് ഇടപെടും.
കെ.പിസിസി പുനഃസംഘടനയിലും മറ്റ് ഡിസിസി ഭാരവാഹികളുടെ നിയമനങ്ങളിലും സംസ്ഥാന കോണ്‍ഗ്രസ്സിലെ പ്രബലഗ്രൂപ്പായ എ വിഭാഗത്തിന് മതിയായ പ്രാധാന്യം നല്‍കാനാണ് ആലോചന.
ഗ്രൂപ്പ് അടിസ്ഥാനത്തിലായല്ല മറിച്ച് കഴിവ് മുന്‍ നിര്‍ത്തി തന്നെ ഈ വിഭാഗത്തിലെ നേതാക്കള്‍ക്ക് ഉചിതമായ പദവികള്‍ നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.
രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നിന്ന് പോലും വിട്ട് നിന്ന് കര്‍ക്കശ നിലപാടുമായി മുന്നോട്ട് പോവുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കുന്നതിനായാണ് ‘തിരുത്തല്‍’ നടപടി.
ഉമ്മന്‍ ചാണ്ടി പങ്കെടുക്കാതെ രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് ചേര്‍ക്കേണ്ടതില്ലന്ന നിര്‍ദ്ദേശം ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
പുനഃസംഘടനയുമായി മുന്നോട്ട് പോവണമെന്ന കാര്യത്തില്‍ ഹൈക്കമാന്റ് വിട്ടുവീഴ്ച ചെയ്യാത്ത സഹചര്യത്തില്‍ പുനഃസംഘടനയില്‍ ഗ്രൂപ്പിന് മതിയായ പ്രധാന്യം ഉറപ്പ് വരുത്തുക, സംഘടനാ തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നടത്തിക്കുക എന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യം.
കേരളത്തില്‍ കോണ്‍ഗ്രസ്സ് അണികള്‍ക്കിടയിലും പൊതു സമൂഹത്തിനിടയിലും ഏറ്റവും അധികം സ്വാധീനമുള്ള കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടിയായതിനാല്‍ അദ്ദേഹത്തെ അവഗണിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി സ്വയം മാറി നിന്നപ്പോള്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുത്ത രമേശ് ചെന്നിത്തലക്ക് ഒരു ഉത്തരവാദിത്വവുമില്ലേ എന്ന ചോദ്യം ഹൈക്കമാന്റിനെയും ഇപ്പോള്‍ പ്രതിരോധത്തിലാക്കിട്ടുണ്ട്.
ഈ ഒരു സഹചര്യത്തില്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ആശങ്ക ഐ നേതാക്കള്‍ക്കിടയിലും ശക്തമാണ്.
കെപിസിസി പ്രസിഡന്റ് സുധീരനാവട്ടെ താന്‍ ചുമതല ഒഴിയണമെന്നാണ് ഹൈക്കമാന്റ് തീരുമാനമെങ്കില്‍ അതിന് തയ്യറാണെന്ന് രാഹുല്‍ ഗാന്ധിയെ നേരിട്ട് അറിയിച്ചും കഴിഞ്ഞു.
അതേ സമയം ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിന് വഴങ്ങി എന്ന പ്രതീതി ഉണ്ടാക്കുന്നതിനോട് താല്‍പര്യമില്ലാത്ത രാഹുല്‍ പ്രശ്‌ന പരിഹാരത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം.ഇക്കാര്യത്തില്‍ എകെ ആന്റണിയുടെ നിലപാടും ഏറെ നിര്‍ണ്ണായകമാണ്.