ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തട്ടിപ്പിനെതിരെ പാര്‍ലമെന്റിന് പുറത്ത് കോണ്‍ഗ്രസ്സ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഒരാള്‍ നീരവ് മോദിയും മറ്റൊരാള്‍ മോദി നീരവ് (നിശ്ശബ്ദനായ മോദി) ആണെന്നുമാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിജെപി ‘രക്ഷാകവചമുണ്ടാകുമെന്ന ഉറപ്പ് എല്ലാ കുറ്റവാളികള്‍ക്കുമുണ്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പാര്‍ലമെന്റിന് പുറത്തുള്ള രാഹുലിന്റെ പ്രതിഷേധം.
കോടികള്‍ തട്ടിയെടുത്ത് നീരവ് മോദി വിദേശത്തേക്ക് കടന്നിട്ടും സര്‍ക്കാരിലെ ഉന്നതരെല്ലാം മൗനം പാലിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അഴിമതിക്കാരോട് യാതൊരു സഹിഷ്ണുതയും ഇല്ലെന്നാണ് തങ്ങളുടെ നയമെന്ന് പ്രസംഗിക്കുന്നയാളാണ് പ്രധാനമന്ത്രി. ഈ പശ്ചാത്തലത്തിലാണ് കോടികളുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. അതേസമയം ഉന്നതരുടെ പരിരക്ഷയില്ലാതെ ഇത്രയധികം കോടികളുടെ അഴിമതി നടത്തി ആര്‍ക്കും രാജ്യം വിടാനാകില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.