തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കേരളസന്ദര്‍ശനത്തോട് അനുബന്ധിച്ച് നിയമസഭ പരിപാടികള്‍ രണ്ട് ദിവസമായി ചുരുക്കി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നിയമസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയാണ് രണ്ട് ദിവസമാക്കി ചുരുക്കിയത്.
രാഹുല്‍ കേരളത്തിലേക്കെത്തുന്ന 29ന് നിയമസഭ ചേരേണ്ടതില്ലെന്ന് കാര്യോപദേശക സമിതി യോഗത്തിലാണ് ധാരണയായത്. യുഡിഎഫിന്റെ ആവശ്യപ്രകാരമാണ് തീരുമാനം. 28 മുതല്‍ 30 വരെയായിരുന്നു നേരത്തെ നന്ദിപ്രമേയ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. 28നും 30നുമായി ചര്‍ച്ച നടത്തി നന്ദിപ്രമേയം പാസാക്കും. ബജറ്റ് അവതരണത്തിന്റെ തൊട്ടടുത്ത ദിവസമായ ഫെബ്രുവരി ഒന്നിനും 12നും സഭ ചേരാനും ധാരണയായി. 31ന് ബജറ്റ് അവതരണത്തിന് ശേഷം നാലിന് ചേരാനായിരുന്നു നേരത്തേയുള്ള തീരുമാനം.
എന്നാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യം എത്താന്‍ സാധ്യതയുള്ളതിനാല്‍, നാല് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി തല്‍ക്കാലം അനിശ്ചിതകാലത്തേക്കു സഭ പിരിയേണ്ട സാഹചര്യമാണ്. വോട്ട് ഓണ്‍ അക്കൗണ്ട് കൂടി പാസാക്കേണ്ടതിനാലാണ് രണ്ടു ദിവസം അധികമായി സഭ ചേരുന്നത്.