ശബരിമല സ്ത്രീപ്രവേശനം; കള്ളക്കേസില്‍ കുടുക്കിയെന്ന് രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട: കള്ളക്കേസില്‍ കുടുക്കിയെന്ന് രാഹുല്‍ ഈശ്വര്‍. നിരാഹാര സമരം തുടരുന്നതിനാല്‍ രാഹുല്‍ ഈശ്വറിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം, രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

കൊട്ടാരക്കര സബ് ജയിലിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോഴുള്ളത്. 14ദിവസത്തേക്കായിരുന്നു അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തത്.

ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെയും മറ്റ് 38 പേരെയും അറസ്റ്റു ചെയ്തത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയണമെന്ന് രാഹുല്‍ ആഹ്വാനം ചെയ്തിരുന്നു.

തുലാമാസപൂജയുടെ ഭാഗമായി ശബരിമലയില്‍ നട തുറന്നതിനു പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് എത്തുകയായിരുന്നു. പമ്പയിലും പരിസരത്തും വാഹനങ്ങള്‍ തടഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകള്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് രാഹുല്‍ ഈശ്വറുള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തത്.

Top