ഡൽഹി: സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അപകീർത്തി പരാമർശത്തിൽ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാർഗം- മഹാത്മാഗാന്ധി’, രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയർത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും രാഹുൽ കോടതിയിൽ പറഞ്ഞു.
അതിനിടെ രാഹുലിനെതിരായ വിധിയെ വിമർശിച്ച് വിവിധ നേതാക്കൾ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമർത്താൻ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുൽ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.
ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവർ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോൺഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു.
പ്രതിപക്ഷ നേതാക്കളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആരോപിച്ചു. പ്രതിപക്ഷ നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ ഗൂഢാലോചന നടക്കുന്നു. കോൺഗ്രസുമായി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ട്. കോടതിയോട് ബഹുമാനവുമുണ്ട്. എന്നാൽ രാഹുൽഗാന്ധിക്കെതിരെയുള്ള ഈ വിധിയോട് യോജിക്കാനാകില്ലെന്നും കെജരിവാൾ അഭിപ്രായപ്പെട്ടു.