തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച തിരുവനന്തപുരം പൂന്തുറയില്‍ നിയുക്ത കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, വിഎസ് ശിവകുമാര്‍ എന്നിവരാണ് രാഹുലിന്റെ കൂടെ ഉണ്ടായിരുന്നത്.
ദുരന്തമുണ്ടായതിന് ശേഷം കേരളത്തില്‍ എത്താന്‍ വെെകിയതിന് ക്ഷമ ചോദിച്ചതിന് ശേഷമായിരുന്നു രാഹുല്‍ പൂന്തുറ സന്ദര്‍ശിച്ചത്.
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മരിച്ചവരുടെ ബന്ധുക്കളെയും രാഹുല്‍ കണ്ടു. അവരുടെ പരാതികള്‍ കേട്ട അദ്ദേഹം, തന്നാലാവുന്നതെല്ലാം ചെയ്യാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.
ദുരന്തത്തില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാഠം പഠിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുറിവുണക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനത്തിലും രാഹുല്‍ ഇന്ന് പങ്കെടുക്കും.
വൈകീട്ട് ആറുമണിക്കാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ്സിന്റ പടയൊരുക്കം യാത്രയുടെ സമാപനം.