മുംബൈ: രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പങ്കജ മുണ്ടെ രംഗത്ത്. രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് കെട്ടിവച്ചു മറ്റൊരു രാജ്യത്തേക്കു വിട്ടാൽ മാത്രമേ മിന്നലാക്രമണത്തെ ചോദ്യം ചെയ്യുന്നവർക്കു വിശ്വാസമാകൂ എന്നാണ് മുണ്ടെ പറഞ്ഞത്.
ബാലക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തെ ബിജെപി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന കോണ്ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണത്തിനു മറുപടിയായാണ് രാഹുലിന്റെ ശരീരത്തിൽ ബോംബ് കെട്ടിവയ്ക്കാൻ ബിജെപി നേതാവ് നിർദേശിച്ചത്.
നമ്മുടെ സൈനികർക്ക് നേരെ നടന്ന ആക്രമണത്തിനു ശേഷം നമ്മൾ മിന്നലാക്രമണം നടത്തി. എന്നാൽ എന്തായിരുന്നു സർജിക്കൽ സ്ട്രൈക്ക് എന്നും അതിനുളള തെളിവ് എവിടെ എന്നുമാണ് ചിലർ ചോദിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ശരീരത്തിൽ ബോംബ് വച്ചുകെട്ടി അയൽ രാജ്യത്തേക്കു വിടണം. അപ്പോഴേ അവർക്കു മനസിലാവുകയുള്ളൂ എന്നാണ് മുണ്ടെ പറഞ്ഞത്.
ഇത് ആദ്യമായല്ല മുണ്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശം നടത്തുന്നത്. കഴിഞ്ഞ ദിവസം, ബിജെപിക്കു വോട്ടു ചെയ്തു വീണ്ടും അധികാരത്തിൽ എത്തിച്ചാൽ ഭരണഘടന തിരുത്തുമെന്ന് മുണ്ടെ പ്രസംഗിച്ചത് വിവാദമായിരുന്നു.