രാഹുലിന്റെ യാത്ര പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കില്ല: സിപിഎം പിബി

ഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ വിലയിരുത്തൽ. രാഹുലിന്റെ യാത്ര പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കില്ലെന്നും പിബി വിലയിരുത്തി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കുറച്ചു ദിവസവും ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ കൂടുതൽ ദിവസവും യാത്ര കടന്നുപോകുന്നത് ചൂണ്ടിക്കാട്ടി കോൺഗ്രസിന് എതിരെ സിപിഎം നേതാക്കൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്തത്.

സ്വന്തം ശക്തികേന്ദ്രങ്ങളിലാണ് പാർട്ടികൾ ജാഥകൾ നടത്തുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ സ്വാധീനം കണക്കിലെടുത്താകാം കൂടുതൽ ദിവസം തങ്ങുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുത്ത പോളിറ്റ് ബ്യൂറോ യോഗത്തിൽ വിലയിരത്തലുണ്ടായി. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടേണ്ടതുണ്ട് എന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

Top