മമ്മൂട്ടിയും റായ് ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. രാജാധിരാജ, അണ്ണന്‍തമ്പി, ചട്ടമ്പിനാട് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സേധുവാണ് ഒരു കുട്ടനാടന്‍ ബ്ലോഗിന്റെ സംവിധായകന്‍. ചിത്രത്തില്‍ ഒരു മോഡേണ്‍ പെണ്‍കുട്ടിയായാണ് റായ് ലക്ഷ്മി എത്തുന്നത്. ശ്രീജയ എന്നാണ് കഥാപാത്രത്തിന്റെ പേര്. കൃഷ്ണപുരത്താണ് ശ്രീജയ ജനിച്ചത്. എന്നാല്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ അവള്‍ക്ക് നാട് വിടേണ്ടി വരികയാണ്. പിന്നീടുള്ള ജീവിതം മുംബൈയിലാണ്. വീട്ടില്‍ അമ്മച്ചി മാത്രമാണ് ശ്രീജയക്കുള്ളത്.
പിന്നീട് ശ്രീജയയുടെ കൃഷ്ണപുരത്തേക്കുള്ള മടങ്ങി വരവ് അവിടെ രണ്ടാം ലോക മഹായുദ്ധം തന്നെ ഉണ്ടാക്കുകയാണ്. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ ശ്രീജയ എന്ന മോഡേണ്‍ പെണ്‍കുട്ടിയെ കണ്ട് അതിശയിക്കുന്നുണ്ട്. ഹരി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിലെ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിപാല്‍. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.