ഡല്‍ഹി: വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിക്ക് സര്‍ക്കാര്‍ നല്‍കിയ വസതിയിലും റെയ്ഡ്. കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന.
ഭീകരബന്ധം ആരോപിച്ച് യു.എ.പി.എ കേസില്‍ ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലുമായി ബന്ധമുള്ള മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും ജീവനക്കാരുടെയും വീടുകളില്‍ ഡല്‍ഹി പൊലീസിന്റെ റെയ്ഡ് നടക്കുകയാണ്. ഡല്‍ഹി, നോയ്ഡ, ഗാസിയാബാദ് അടക്കം 30 ഇടങ്ങളിലാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ വ്യാപക പരിശോധന നടത്തുന്നത്.
രാവിലെ ഡല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ് നടത്തി മൊബൈല്‍ ഫോണുകളും, ലാപ്‌ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നു.റെയ്ഡില്‍ ആരേയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഡല്‍ഹിയിലെ റെയ്ഡിനോട് അനുബന്ധ റെയ്ഡ് ടീ സ്ത സെതല്‍വാദിന്റെ മുംബൈയിലെ വസതിയിലും നടന്നു. ഡല്‍ഹി പോലീസ് ടീസ്തയെ ചോദ്യം ചെയ്തു.