ഡല്‍ഹി: മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐയുടെ രഹസ്യ രേഖകള്‍ കിട്ടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് മുദ്രവെച്ച കവറില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച രേഖകളാണ് കണ്ടെത്തിയത്.
ജനുവരി 13ന് ചിദംബരത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. രഹസ്യരേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 2013-ല്‍ സീല്‍വെച്ച കവറില്‍ സുപ്രീം കോടതിയില്‍ ഹാജരാക്കിയ രേഖകളുടെ പകര്‍പ്പാണ് ഇത്. എന്നാല്‍, റിപ്പോര്‍ട്ടിന്റെ ഒപ്പിടാത്ത പകര്‍പ്പാണ് കണ്ടെത്തിയതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതാകാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് സിബിഐയെ ഇക്കാര്യം അറിയിച്ചിട്ടുള്ളതായാണ് രേഖയുടെ ഉള്ളടക്കം സൂചിപ്പിക്കുന്നത്. ഈ കാര്യം സിബിഐ സ്ഥിരീകരിച്ചുവരികയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. രഹസ്യ റിപ്പോര്‍ട്ട് എങ്ങനെ ചിദംബരത്തിന്റെ വീട്ടിലെത്തി എന്നതാണ് അന്വേഷണത്തിന് വിധേയമാക്കുകയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.