സി.പി.ഐ.എം ഓഫീസ് റെയ്ഡ്: വനിത ഡി.സി.പിയെ മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റി

തിരുവനന്തപുരം: സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെ മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റി.വനിതാ ഡിസിപിയെ വനിതാ സെല്‍ എസ്പിയുടെ കസേരയിലേക്കാണ് മാറ്റിയത്. അവധിയിലായിരുന്ന ഡിസിപി ആര്‍.ആദിത്യക്ക് പകരം എത്തിയ താല്കാലിക ചുമതലക്കാരിയയിരുന്നു തെരേസ. ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിച്ചു.

പൊലീസ് സ്റ്റേഷനു നേരെ കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ അര്‍ധരാത്രിയാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡിസിപിയോട് വിശദീകരണം ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്

ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ പ്രതികളെ തേടിയാണ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയത്. എന്നാല്‍ റെയ്ഡില്‍ ആരെയും പിടികൂടാന്‍ പറ്റിയില്ല.ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഒന്‍പതോളം പേരടങ്ങിയ ഡി.വൈ.എഫ്.ഐ സംഘം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്.

സംഭവത്തില്‍ ഇന്നലെ ഉച്ചയോടെ പ്രതികളിലൊരാളെ പൊലീസ് പിടികൂടുകയും ചെയ്തു.പോക്സോ കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കാണാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്.

രാത്രി 11:30 തോടെയാണ്പ്രതികളെ തേടി പൊലീസ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. പരിശോധന സമയത്ത് ഓഫീസ് സെക്രട്ടറിയടക്കം കുറച്ച് പേര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. പാര്‍ട്ടി ഓഫീസിലെ എല്ലാ മുറികളും പരിശോധിച്ച പൊലീസ് പ്രതികളെ കണ്ടെത്താതെ മടങ്ങി.

Top