തിരുവനന്തപുരം: സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച കാര്യം സിപിഎം സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്‌തേക്കും.
ചൈത്രക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎം ജില്ലാ നേതൃത്വം. സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത സംഭവം സംഘടനയ്ക്ക് മാനഹാനി ഉണ്ടാക്കിയെന്നും റെയ്ഡ് നേതാക്കളെ അപമാനിക്കുന്നതിനു തുല്യമാണെന്നും നേതൃത്വം വ്യക്തമാക്കി.
പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളെ തേടിയാണ് പൊലീസ് ഉദ്യോഗസ്ഥ റെയ്ഡ് നടത്തിയത്. എന്നാല്‍, റെയ്ഡില്‍ ആരെയും കണ്ടെത്താനാകാത്ത സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് ചൈത്ര തെരേസ ജോണിനെതിരെ നിയമ നടപടിക്ക് നീക്കം നടക്കുന്നത്.
കടുത്ത നടപടി ചൈത്രക്കെതിരെ വേണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരുന്നതെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.