ബിഹാര്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് റെയ്ഡ്; 8.5 ലക്ഷം രൂപ പിടിച്ചെടുത്തെന്ന്

പാറ്റ്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. പാറ്റ്‌നയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും 8.5 ലക്ഷം രൂപ പിടിച്ചെടുത്തു. കാറുടമ അഷുതോഷിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.

ഓഫീസില്‍ പണമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയത്. പരിശോധന നടക്കുന്ന സമയം ഓഫീസിലുണ്ടായിരുന്ന സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ശക്തി സിംഗ് ഗോഹിലിനെയും ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയേയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്ന് ശക്തി സിംഗ് ഗോഹില്‍ ആരോപിച്ചു.

ബിജെപി-ജെഡിയു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ബിജെപി-ജെഡിയു സര്‍ക്കാരിന് അറിയാമെന്നും അതിനാലാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. പണം പിടിച്ചെടുത്തയാളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും പണവും കാറും ആരുടേതാണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top