സിര്‍സ: പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീത് റാം റഹിമിന്റെ ദേര സച്ച സൗദ ആസ്ഥാനത്തു നടത്തിയ റെയ്ഡില്‍ അസാധു നോട്ടുകളും രജിസ്‌ട്രേഷനില്ലാത്ത കാറും കണ്ടെത്തി.
സുരക്ഷാ ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ഇവിടെ പരിശോധന നടത്തുന്നത്. 800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗധയുടെ ആശ്രമം നിലകൊള്ളുന്നത്.
റെയ്ഡിനെ തുടര്‍ന്നു ചില മുറികള്‍ സീല്‍ ചെയ്തതായും ഹാര്‍ഡ് ഡിസ്‌കുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇവിടെനിന്ന് ചാനല്‍ തത്സമയ പ്രക്ഷേപണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒബി വാനും കണ്ടെടുത്തു. ആശ്രമത്തില്‍ നിന്നു നേരത്തെ പോലീസ് പ്ലാസ്റ്റിക് നാണയങ്ങള്‍ കണ്ടെടുത്തിരുന്നു.
പഞ്ചാബ് -ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് റെയ്ഡ്. കനത്ത സുരക്ഷയിലാണ് ആശ്രമത്തില്‍ പോലീസ് പരിശോധന നടത്തുന്നത്. സുരക്ഷയ്ക്കായി അര്‍ധസൈനികരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
സിര്‍സയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ സ്ഥലങ്ങളിലും പോലീസ് പരിശോധനകള്‍ നടത്തി.