ഒരോ രണ്ടു മിനിറ്റിലും റെയ്ഡ്, 96,000 കേസുകള്‍; ബിഹാര്‍ പൂര്‍ണ്ണ മദ്യ വിമുക്തം

LIQOUR

ബിഹാര്‍: നിതീഷ് കുമാറിന്റെ ബിഹാര്‍ സംസ്ഥാനം പൂര്‍ണ്ണ മദ്യ വിമുക്തം. രണ്ടു വര്‍ഷമായി നടപ്പാക്കി വന്ന മദ്യവേട്ടയ്ക്കും ഇതോടെ വിരാമമാകുന്നു. പൊലീസും എക്‌സൈസ് വകുപ്പും സംയുക്തമായാണ് മദ്യ വേട്ടയ്ക്ക് രംഗത്തിറങ്ങിയത്.

ഒരോ രണ്ടു മിനിറ്റിലും റെയ്ഡ് നടത്തുകയും മണിക്കൂറില്‍ ഏഴുപേരെയെങ്കിലും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. മദ്യം കൈവശം വെച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നടപടികളാണ് സംസ്ഥാനത്ത് സ്വീകരിച്ചു വന്നിരുന്നത്. രണ്ടു വര്‍ഷത്തിനിടെ 96,000 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 4000-ത്തോളം പേര്‍ ഇപ്പോഴും ജയിലിലാണ്.

നിരവധി സ്ത്രീ സംഘടനകളുടെ അഭ്യര്‍ഥന മാനിച്ചാണ് ബിഹാര്‍ മദ്യ വിമുക്തമാക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. മദ്യപാനം പലപ്പോഴും ബഹളത്തിന് കാരണമാകുന്നുവെന്നും കുടുംബത്തില്‍ പല സ്ത്രീകള്‍ക്കും പീഡനം നേരിടേണ്ടി വരുന്നുവെന്നും സ്ത്രീ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.

പരിശോധനയ്ക്കിടെ അനധികൃത നിര്‍മ്മാണ കേന്ദ്രങ്ങളും മദ്യങ്ങളും പിടിച്ചെടുത്തിരുന്നു. പാചക വാതക സിലിണ്ടറുകള്‍, കാറുകകള്‍, സ്‌കൂട്ടര്‍ തുടങ്ങിയവയിലാണ് മദ്യം സൂക്ഷിച്ചിരുന്നത്. തുടക്കത്തില്‍ പൊലീസ് ജാഗരൂകരായിരുന്നെങ്കിലും പിന്നീട് പിറകോട്ട് പോയിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി ഇടപ്പെട്ടതോടെ പരിശോധനയ്ക്ക് വേഗം കൂടി. തുടര്‍ന്ന് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മദ്യ വേട്ടയ്ക്ക് പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വേട്ടയിലാണ് സംസ്ഥാനത്തെ പൂര്‍ണ്ണമായും മദ്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞത്.

എങ്കിലും ചില വെല്ലുവിളികള്‍ സംസ്ഥാനം ഇപ്പോഴും നേരിടുന്നുണ്ട്. അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ മദ്യം കൊണ്ടു വരുന്നത് പലപ്പോഴും കണ്ടെത്താന്‍ കഴിയാതെ പോകുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ പരിശോധന നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം

Top