ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ജിവിഎല്‍ നരസിംഹ റാവു.
കര്‍ണാടകയിലെ ഊര്‍ജമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് റാവു രംഗത്ത് വന്നിരിക്കുന്നത്.
റെയ്ഡിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് അഴിമതിക്കൊപ്പം നിന്ന് സ്വയം അപമാനം ഏറ്റുവാങ്ങുകയാണെന്ന് നരസിംഹ റാവു പറഞ്ഞു.
‘അധികാരവും പണവും കൊണ്ട് കോണ്‍ഗ്രസ് അഴിമതിക്ക് കൂട്ട് നില്‍ക്കുകയാണ്. തീര്‍ത്തും അപഹാസ്യമായ രീതിയാണ് കോണ്‍ഗ്രസ് അവലംബിക്കുന്നത്, കോണ്‍ഗ്രസ് മന്ത്രി ശിവകുമാര്‍ ഏറെക്കാലമായി ആദായാ നികുതി വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു, ഇതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സര്‍ക്കാര്‍ അഴിമതിക്ക് എതിരെ പടപൊരുതാന്‍ ഇറങ്ങിത്തിരിച്ചവരാണ്. ബിജെപിയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ മറ്റ് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുമാകട്ടെ അഴിമതി ആരു ചെയ്താലും അവരെ നിയമത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുമെന്നും റാവു കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുദ്ധം ചെയ്യണമെന്ന് ആഹ്വാനം നടത്തുകയാണ്, എന്തിന് വേണ്ടിയാണ് യുദ്ധം ചെയ്യേണ്ടത്, ഇത്തരത്തിലുള്ള വന്‍അഴിമതി നടത്താന്‍ വേണ്ടിയാണോ അദ്ദേഹത്തിന്റെ യുദ്ധ പ്രഖ്യാപനമെന്നും അദ്ദേഹം ചോദിച്ചു.
ശിവകുമാറിന്റെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് ഏഴുകോടി രൂപ കണ്ടെടുത്തിരുന്നു.