തിരുവനന്തപുരം: പുതുക്കാട്-ഒല്ലൂര്‍ സെക്ഷനില്‍ റെയില്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ശനിയാഴ്ചയും ഞായറാഴ്ചയും ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. റെയില്‍വേ അധികൃതരാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി എട്ടു പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണായും ഏഴ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, എറണാകുളം-നിലന്പുര്‍ പാസഞ്ചര്‍, നിലന്പുര്‍-എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, ആലപ്പുഴ-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.
എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍ നിന്നും രാവിലെ 8.10ന് പുറപ്പെടും. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ. കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്തുനിന്നു വൈകുന്നേരം 5.30ന് സര്‍വീസ് ആരംഭിക്കും. പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ് ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ് ആലുവയില്‍ നിന്നും വൈകുന്നേരം 6.27ന് മാത്രമേ സര്‍വീസ് ആരംഭിക്കൂ.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് അങ്കമാലിയില്‍ യാത്ര അവസാനിപ്പിക്കും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് അങ്കമാലിയില്‍ നിന്നും ഉച്ചകഴിഞ്ഞ് 3.55നു മാത്രമേ സര്‍വീസ് അരംഭിക്കൂ. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഒന്നേമുക്കാല്‍ മണിക്കൂര്‍ വൈകി പുലര്‍ച്ചെ 3.40നു മാത്രമേ നാഗര്‍കോവിലില്‍ നിന്നും പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനില്‍ ഒന്നര മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിടുകയും ചെയ്യും.
ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകി 7.55നേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനില്‍ രണ്ടു മണിക്കൂര്‍ ട്രെയിന്‍ പിടിച്ചിടുകയും ചെയ്യും. എറണാകുളം-ബാംഗളൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് 150 മിനിറ്റ് വൈകി രാവിലെ 11.40നു മാത്രമേ സര്‍വീസ് ആരംഭിക്കൂ. ഗുരുവായൂര്‍-ഇടമണ് പാസഞ്ചര്‍ 50 മിനിറ്റ് വൈകി വൈകുന്നേരം 6.45നു മാത്രമേ സര്‍വീസ് ആരംഭിക്കൂ.
തിരുവനന്തപുരം-മുംബൈ പ്രതിവാര എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി പുലര്‍ച്ചെ 5.25നു മാത്രമേ പുറപ്പെടൂ. എറണാകുളം-പുതുക്കാട് സെക്ഷനില്‍ 80 മിനിറ്റ് ട്രെയിന്‍ പിടിച്ചിടും. നാഗര്‍കോവില്‍-മംഗലാപുരം പരശുറാം 80 മിനിറ്റും തിരുവനന്തപുരം-ഹൈദരാബാദ് ശബരി 60 മിനിറ്റും എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് 30 മിനിറ്റും തിരുനെല്‍വേലി-ബിലാസ്പുര്‍ എക്‌സ്പ്രസ് 140 മിനിറ്റും കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് 45 മിനിറ്റും, കൊച്ചുവേളി-ചണ്ഡീഗഡ് സന്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ് 45 മിനിറ്റും എറണാകുളം-പുതുക്കാട് സെക്ഷനില്‍ പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.
തിരുവനന്തപുരം-ഇന്‍ഡോര്‍ പ്രതിവാര എക്‌സ്പ്രസിനും തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസിനും കായംകുളത്തിനും എറണാകുളത്തിനും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചതായും റെയില്‍വേ അറിയിച്ചു.