വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര ഡോക്യുമെന്ററിക്കുവേണ്ടി ട്രെയിന്‍ ബോഗി കത്തിച്ചു. 2002 ഫെബ്രുവരിയില്‍ നടന്ന ഗോധ്ര ട്രെയിന്‍ തീവെപ്പ് പുനരാവിഷ്‌കരിക്കാനാണ് ട്രെയിന്‍ ബോഗി കത്തിച്ചത്.
മോക്ക് ഡ്രില്‍ പരിപാടികള്‍ക്കായി വെസ്റ്റേണ്‍ റെയില്‍വേ ഉപയോഗിച്ചിരുന്ന ബോഗിയാണ് വഡോദരയിലെ പ്രതാപ് നഗറിനും ദബോയ് റെയില്‍വേ ലൈനിനും ഇടയിലുള്ള ഇടുങ്ങിയ റെയില്‍ പാതയില്‍ വച്ച് കത്തിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ആണ് ഡോക്യുമെന്ററി ഒരുക്കുന്നത്.
ചിത്രീകരണത്തിന് പശ്ചിമ റെയില്‍വേയുടേയും വഡോദര അഗ്നിശമന സേനയുടേയും അനുമതി ലഭിച്ചിട്ടുണ്ടെന്ന് സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനി എക്സിക്യുട്ടീവ് വ്യക്തമാക്കി. നരേന്ദ്രമോദിയുടെ ജീവിതത്തെക്കുറിച്ച് പറയുന്ന സിനിമ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി.
ഉമേഷ് ശുക്ല എന്ന വ്യക്തിയാണ് ഇതിന്റെ സംവിധാനം. 2002 ഫെബ്രുവരി 27 ന് സബര്‍മതി എക്‌സ്‌പ്രെസ്സില്‍ 59 ഓളം കര്‍സേവക് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രംഗമാണ് ബോഗി കത്തിച്ച് പുനരാവിഷ്‌കരിക്കുന്നത്. അതേ സമയം ബോഗി കത്തിക്കാനുള്ള അനുമതി നല്‍കിയിട്ടില്ലെന്നും. ബോഗി വാടകയ്ക്ക് എടുത്തവര്‍ അത് പോലെ തിരിച്ചേല്‍പ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും വെസ്റ്റേണ്‍ റെയില്‍വേ പ്രതികരിച്ചു.
ചിത്രീകരണം ട്രെയിന്‍ ഗതാഗതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലന്നും, ചിത്രികരണത്തിനായുള്ള ബോഗിയും റെയില്‍വേ തന്നെയാണ് നല്‍കിയതെന്നും . ഇത് മോക്ക് ഡ്രില്‍ പരിപാടികള്‍ക്കായി ഉപയോഗിച്ചിരുന്ന ബോഗി ആണെന്നും വെസ്റ്റേണ്‍ റെയില്‍വേ പി.ആര്‍.ഓ ഖേംരാജ് മീന ഇന്ത്യന്‍ എക്‌സ്‌പ്രെസ്സിനോട് പറഞ്ഞു. അതേ സമയം തങ്ങളുടെ അറിവോടെ അല്ല ഡോക്യുമെന്ററി നിര്‍മ്മാണം എന്നാണ് പ്രദേശിക ബിജെപി നേതാക്കള്‍ പറയുന്നത്. വഡോദര ബി.ജെ.പി എംപിയും സിറ്റി യൂണിറ്റ് പ്രസിഡന്റുമായ രഞ്ജന്‍ ഭട്ട് ഇത്തരം ഒരു ഡോക്യുമെന്ററി നടക്കുന്നില്ലെന്നാണ് പറയുന്നത്.