ഷൊര്‍ണൂര്‍: പൊതുമുതല്‍ നശിപ്പിക്കുന്ന റെയില്‍ ഹൂണ്‍സിന്റെ പെയിന്റിങ് വീണ്ടും. ധന്‍ബാദ് – ആലപ്പുഴ എക്‌സ്പ്രസിലാണ് പുതിയ പെയിന്റിങ് കണ്ടെത്തിയിരിക്കുന്നത്. രണ്ടു ബോഗികളിലാണ് പെയിന്റിങ്. ട്രെയിന്റെ ബോഗികള്‍ ഷൊര്‍ണൂരില്‍ പരിശോധിക്കുകയാണ്.
ധന്‍ബാദ് – ആലപ്പുഴ എക്‌സ്പ്രസില്‍ കണ്ടെത്തിയ റെയില്‍ ഹൂണ്‍സ് പെയിന്റിങ് നേരത്തെ തിരുച്ചിറപ്പള്ളിയിലും ഷൊര്‍ണൂരിലും നിര്‍ത്തിയിട്ടിരുന്ന റെയില്‍വേ ബോഗികള്‍ക്കു പുറത്തും കാണപ്പെട്ടിരുന്നു.
‘ആര്‍എച്ച്എസ്’ എന്നു വായിക്കാവുന്ന തരത്തിലുള്ളതാണീ എഴുത്ത്. തിരുച്ചറിപ്പള്ളിയില്‍ കഴിഞ്ഞ 11നും ഷൊര്‍ണൂരില്‍ 16നുമാണു റെയില്‍വേ ബോഗികള്‍ക്കു മുകളില്‍ ചായം പൂശിയ നിലയില്‍ കണ്ടെത്തിയത്.
ഷൊര്‍ണൂരില്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍ ആക്‌സിഡന്റ് റിലീഫ് വാനിന്റെ മൂന്നു ബോഗികളിലായാണ് അവ്യക്തമായ ചിത്രങ്ങള്‍ കാണപ്പെട്ടത്.
രാജ്യാന്തരതലത്തില്‍ പൊതുമുതല്‍ നശിപ്പിച്ചു സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പ്രവര്‍ത്തന ശൈലിയുള്ള ‘റെയില്‍ ഹൂണ്‍സ്’ എന്ന സംഘടനയുടെതാണിതെന്ന നിഗമനത്തിലാണ് പൊലീസ്.
ബ്രിട്ടനില്‍ ഇതിന്റെ പ്രവര്‍ത്തകരെ പിടികൂടി പിഴ വിധിച്ചതാണ് അടുത്തയിടെ ഈ സംഘടനയുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാര്‍ത്ത.