കൊച്ചി: വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് ഉതകുന്ന തീരുമാനവുമായി ദക്ഷിണ റെയില്‍വെ. ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ബര്‍ത്ത് ഉറപ്പാക്കാനുള്ള തീരുമാനത്തിലാണ് റെയില്‍വെ. ഇതിന്റെ ഭാഗമായി ഓരോ സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലും ആറ് ബെര്‍ത്തുകള്‍ മാറ്റിവെയ്ക്കും. തേഡ് എസിയിലും സെക്കന്‍ഡ് എസിയിലും മൂന്ന് ബെര്‍ത്ത് വീതവും മാറ്റിവയ്ക്കും.
സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പ് യാത്രകള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ബുക്ക് ചെയ്യുമ്പോള്‍ പിഎന്‍ആര്‍ നമ്പറില്‍ പുരുഷ യാത്രികര്‍ ആരും ഉണ്ടാകരുതെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണങ്ങളാല്‍ സ്ത്രീകള്‍ക്ക് ആറ് ബെര്‍ത്ത് അനുവദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസാന ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ വെയിറ്റിങ് ലിസ്റ്റിലുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന നല്‍കണം.
ആര്‍എസിയില്‍ ഒറ്റയ്ക്കുള്ള സ്ത്രീയുടെ നമ്പര്‍ എത്രയായാലും ഒന്നാമതുള്ള ആളെ ഒഴിവാക്കി നല്‍കണം. രണ്ടാമത്തെ പരിഗണന മുതിര്‍ന്ന പൗരന്മാര്‍ക്കാണ്. ദക്ഷിണേന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം മറ്റ് സ്ഥലങ്ങളെക്കാള്‍ കൂടുതലാണ്. ഇത് പരിഗണിച്ചാണ് ദക്ഷിണ റെയില്‍വേയ്ക്ക് മാത്രമായി മന്ത്രാലയം നിര്‍ദേശം നല്‍കിയത്.