മകന്‍ സ്പെയിനില്‍ നിന്നെത്തിയ കാര്യം മറച്ച് വച്ചു;റെയില്‍വേ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍

ബെംഗളൂരു: മകന്‍ സ്പെയിനില്‍ നിന്നെത്തിയ കാര്യം മറച്ച് വച്ചതിന് റെയില്‍വേ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. ബെംഗളൂരു സൗത്ത് വെസ്റ്റേണ്‍ അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസറായ ജീവനക്കാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. കൊറോണ വൈറസ് ഭീതി പടര്‍ത്തുന്ന സാഹചര്യത്തിലാണ് റെയില്‍വെയുടെ ഈ നടപടി.

മാര്‍ച്ച് 13നാണ് ഇവരുടെ മകന്‍ സ്‌പെയ്‌നില്‍ നിന്ന് എത്തിയത്. തുടര്‍ന്ന് യുവാവിനോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മറച്ചുവെച്ച് യുവാവിനെ അമ്മ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള റെയില്‍വേ കോളനിയിലെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിക്കുകയായിരുന്നു.

കൂടാതെ, മകന്റെ സഞ്ചാരപാത ഇവര്‍ മറച്ചുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെ യുവാവിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

ഈ വിവരം റെയില്‍വേ അധികൃതരെ പോലും ഉദ്യോഗസ്ഥ അറിയിച്ചിരുന്നില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.

യുവാവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ഇത് വരെ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച് ഒരാളാണ് ഇവിടെ മരണപ്പെട്ടത്. 100ലധികം പേര്‍ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നത്.

Top