കേരളത്തിന്റെ വികസന പദ്ധതികള്‍ക്കു റെയില്‍വേ ബോര്‍ഡ് അനുമതി

തിരുവനന്തപുരം: കേരളത്തിന്റെ വികസനപദ്ധതികള്‍ക്കു റെയില്‍വേ ബോര്‍ഡിന്റെ അനുമതി.

റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പദ്ധതികള്‍ക്കു അംഗീകാരം ലഭിച്ചത്.

അതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഇരട്ടപ്പാതയ്ക്കു സമാന്തരമായി പുതിയ ഇരട്ടപ്പാതയ്ക്കു സമാന്തരമായി പുതിയ ഇരട്ടപ്പാതയ്ക്കു സര്‍വേ നടത്താനും മാനന്തവാടി വഴിയുള്ള തലശേരി-മൈസൂര്‍ പാതയുടെ രൂപരേഖ ഡിസംബര്‍ 31നു മുന്‍പു സമര്‍പ്പിക്കാനും ചെയര്‍മാന്‍ നിര്‍ദേശം നല്‍കി.

247 കി.മീറ്റര്‍ വരുന്ന പാതയ്ക്കു 3,209 കോടി രൂപയാണു ചെലവ്. 1600 കോടി രൂപ ചെലവു വരുന്ന എരുമേലി-പുനലൂര്‍ പാതയും ഏറ്റുമാനൂര്‍-പാലാ ലിങ്ക് ലൈനും പരിഗണിക്കും.

ബാലരാമപുരം-വിഴിഞ്ഞം തുറമുഖം പാത, കൊച്ചി വിമാനത്താവളത്തിലേക്ക് 10 കിലോമീറ്റര്‍ പുതിയ പാത, എറണാകുളത്തു റെയില്‍വെ ടെര്‍മിനസ് എന്നീ പദ്ധതികളും കേരളം മുന്നോട്ടുവച്ചു.

തിരുവനന്തപുരം, എറണാകുളം, വര്‍ക്കല സ്റ്റേഷനുകളുടെ വികസനത്തിനും രൂപരേഖ തയാറാക്കും.

ഭൂമി ലഭിക്കുകയാണെങ്കില്‍ കൊച്ചുവേളി ടെര്‍മിനലിന്റെ പണി 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കുമെന്നും കേരളത്തില്‍ ഓടിക്കുന്ന എല്ലാ ട്രെയിനുകളിലും ബയോ ടോയ്‌ലെറ്റ് ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

കേരളത്തിലെ റെയില്‍പാത ഗ്രീന്‍ കോറിഡോറായി മാറ്റുമെന്നും റെയില്‍വേയ്ക്കു കേരളത്തിലുള്ള ഭൂമിയില്‍ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുമെന്നും കേരളത്തില്‍ സെമി സ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു.

1943 കോടി രൂപ ചെലവില്‍ തിരുവനന്തപുരം – ചെങ്ങന്നൂര്‍ 125 കിലോമീറ്റര്‍ പാതയ്ക്കു സമാന്തരമായി ഇരട്ടപ്പാത നിര്‍മിക്കാന്‍ റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും മാനന്തവാടി വഴിയുള്ള തലശ്ശേരി-മൈസൂരു പാത റെയില്‍വേ അംഗീകരിച്ചാല്‍ 2024ല്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നേരത്തേ അംഗീകരിച്ച ശബരി പാതയുടെ ചെലവ് റെയില്‍വേതന്നെ വഹിക്കണമെന്നും പുതിയ പദ്ധതികളുടെ പകുതി ചെലവു കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

അങ്കമാലി ശബരി, ഗുരുവായൂര്‍ തിരുന്നാവായ, എറണാകുളം അമ്പലപ്പുഴ ഇരട്ടിപ്പിക്കല്‍ എന്നീ പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top