മുംബൈ : ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി റെയിൽവേ മന്ത്രാലയം രംഗത്ത്. ബാലസോറിലുണ്ടായ അപകടത്തിൽ മൂന്നു ട്രെയിനുകൾ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയിൽവേ ബോർഡ് വ്യക്തമാക്കി. അപകടത്തിൽപ്പെട്ടത് കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ബഹനഗ ബസാർ സ്റ്റേഷനിൽ എങ്ങനെയാണ് ട്രെയിൻ അപകടം സംഭവിച്ചത് എന്നതിനെക്കുറിച്ചും അവർ വിശദീകരണം നൽകി.
‘‘അപകടം സംഭവിച്ച സ്റ്റേഷനിൽ ആകെ നാല് ട്രാക്കുകളാണുള്ളത്. അതിൽ രണ്ടെണ്ണം നേരെയുള്ള പ്രധാന ലൈനുകളാണ്. ഈ ട്രാക്കുകളിൽ ട്രെയിനുകൾ നിർത്താറില്ല. ശേഷിക്കുന്ന രണ്ടു ലൈനുകൾ ലൂപ് ലൈനുകളാണ്. ഈ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തേണ്ടി വന്നാൽ ലൂപ് ലൈനുകളാണ് അതിനായി തിരഞ്ഞെടുക്കുക. അപകടം നടക്കുന്ന സമയത്ത് ഇരു ദിശകളിലേക്കുമായി രണ്ട് മെയിൽ എക്സ്പ്രസ് ട്രെയിനുകളാണ് സ്റ്റേഷനിലൂടെ കടന്നുപോയിരുന്നത്.’ – ജയ വർമ വിശദീകരിച്ചു.
റെയിൽവേ ബോർഡിന്റെ വിശദീകരണം ഇങ്ങനെ:
1. അപകടം സംഭവിച്ച സ്റ്റേഷിലെ പ്രധാന ട്രാക്കുകൾ രണ്ടും നടുവിലാണ്. ഇവയുടെ രണ്ടു വശത്തായിട്ടാണ് ലൂപ് ലൈനുകൾ.
2. അപകട സമയത്ത്, ഇവിടെ സ്റ്റോപ്പില്ലാത്ത പാസഞ്ചർ ട്രെയിനുകൾക്ക് വഴിയൊരുക്കാനായി രണ്ട് ഗുഡ്സ് ട്രെയിനുകൾ പിടിച്ചിട്ടിരുന്നു. പ്രധാന ട്രാക്കുകളുടെ ഇരു വശത്തുമുള്ള ലൂപ് ലൈനുകളിലാണ് ഇവ നിർത്തിയിരുന്നത്.
3. നടുവിലെ രണ്ട് പ്രധാന ട്രാക്കുകൾ കൊറമാണ്ഡൽ എക്സപ്രസ്, ബെംഗളൂരു – ഹൗറ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് കടന്നുപോകാനായി സജ്ജമാക്കിയിരുന്നു. ഈ സമയത്ത് എല്ലാം ശരിയായ രീതിയിലാണ് പ്രവർത്തിച്ചിരുന്നത്. ട്രെയിനുകൾക്ക് മുന്നോട്ടു പോകാൻ പച്ച സിഗ്നലും നൽകിയിരുന്നു. ട്രെയിനുകൾക്ക് യാതൊരു പ്രശ്നവും കൂടാതെ മുന്നോട്ടു പോകാമെന്ന് ഡ്രൈവർക്ക് മുന്നറിയിപ്പു നൽകുന്നതാണ് പച്ച സിഗ്നൽ. ഈ സമയത്ത് ഡ്രൈവർക്ക് അനുവദനീയമായ പരമാവധി വേഗത്തിൽ ട്രെയിൻ ഓടിക്കാം.
4. അപകട സ്ഥലത്ത് കൊറമാണ്ഡൽ എക്സ്പ്രസിന് അനുവദിച്ചിരുന്ന പരമാവധി വേഗം മണിക്കൂറിൽ 130 കിലോമീറ്ററായിരുന്നു. അപകട സമയത്ത് ട്രെയിൻ പോയിരുന്നത് 128 കിലോമീറ്റർ വേഗതയിലും.
5. അപകട സമയത്ത് ബെംഗളൂരു – ഹൗറ എക്സ്പ്രസിന്റെ വേഗത 126 കിലോമീറ്ററായിരുന്നു. അതായത് അനുവദനീയമായ പരിധിയിൽത്തന്നെ.
6. ഇരു ട്രെയിനുകളും അമിത വേഗതയിലായിരുന്നില്ല. സിഗ്നലും പച്ചയായിരുന്നു. ‘‘ഇപ്പോഴും അന്വേഷണം നടക്കുന്ന എന്തോ ഒരു കാരണത്താൽ, കൊറമാണ്ഡൽ എക്സ്പ്രസ് അപകടത്തിൽപ്പെടുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ചില സിഗ്നൽ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, അന്തിമ റിപ്പോർട്ട് വരുംവരെ അതേക്കുറിച്ച് ഞാൻ പ്രതികരിക്കുന്നില്ല. പക്ഷേ, ഒരു കാരണവശാലും മൂന്നു ട്രെയിനുകൾ കൂട്ടിയിടിച്ചു എന്നൊരു തെറ്റിദ്ധാരണ ഉണ്ടാകാൻ പാടില്ല. അപകടത്തിൽപ്പെട്ടത് ഒറ്റ ട്രെയിൻ മാത്രമാണ്. അതായത് കൊറമാണ്ഡൽ എക്സ്പ്രസ്. ഇതിന്റെ എൻജിൻ സമീപത്തെ ലൂപ് ലൈനിൽ പിടിച്ചിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികൾക്കു മേലേയ്ക്കു പാഞ്ഞുകയറി.’ – ജയ സിൻഹ വിശദീകരിച്ചു.
7. ട്രെയിൻ പരമാവധി വേഗതയിലാണ് സഞ്ചരിച്ചിരുന്നത് എന്നതിനാൽ അപകടത്തിന്റെ ആഘാതം കടുത്തതായി. ലൂപ് ലൈനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിൽ ഉണ്ടായിരുന്നത് ഇരുമ്പാണ്. ഇതോടെ അപകടത്തിന്റെ എല്ലാ ആഘാതവും കൊറമാണ്ഡൽ എക്സ്പ്രസിനായിപ്പോയി.
8. ‘‘കൊറമാണ്ഡൽ എക്സ്പ്രസ് പൂർണമായും എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനാണ്. ഇത്തരം കോച്ചുകൾ ഒരിക്കലും തലകീഴായി മറിയില്ല. അത്രയ്ക്ക് സുരക്ഷിതമാണ്. പക്ഷേ, ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. കൊറമാണ്ഡൽ എക്സ്പ്രസ് ഇടിച്ചത് ഇരുമ്പു നിറച്ച ഗുഡ്സ് ട്രെയിനിലായതിനാൽ, അപകടത്തിന്റെ പൂർണ ആഘാതം സംഭവിച്ചത് കൊറമാണ്ഡൽ എക്സ്പ്രസിനാണ്. ഇത്തരം ഘട്ടങ്ങളിൽ ഒരു സാങ്കേതിക വിദ്യയ്ക്കും അപകടം ഒഴിവാക്കാനാകില്ല’ – ജയ സിൻഹ പറഞ്ഞു.
9. അപകടത്തെ തുടർന്ന് പാളം തെറ്റിയ കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലേക്ക് തെന്നിനീങ്ങി. ഇതേ സമയം അതുവഴി വന്ന ബെംഗളൂരു – ഹൗറ എക്സ്പ്രസിന്റെ അവസാന ഭാഗത്തെ കോച്ചുകൾ അവയിൽ ഇടിച്ചു.